"ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്"
ചരിത്രം ഉറങ്ങുന്ന ചേന്ദമംഗലം ഗ്രാമത്തെ പതിനെട്ട് ഭൂപ്രദേശങ്ങളായി തിരിച്ചതിൽ മനക്കോടം വിഭാഗത്തിൽ പെടുന്നതാണ് കരിമ്പാടം. കരിമ്പിൻതോപ്പ് ധാരാളം ഉണ്ടായിരുന്നത് കൊണ്ടാകാം ഈ പേര് ലഭിച്ചത്. ശ്രീവല്ലീശ്വരി ദേവിയുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിക്കൊണ്ട് ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാനികേതനമാണ് കരിമ്പാടം ധർമ്മാർത്ഥദായിനി സഭയുടെ കീഴിലുള്ള ഡി.ഡി. സഭ ഹൈസ്കൂൾ. ശ്രീനാരായണഗുരുവാണ് "ധർമ്മാർത്ഥദായിനി സഭ' എന്ന നാമം നിർദ്ദേശിച്ചത്.
കരിമ്പാടം നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ഒരു പള്ളിക്കൂടം സ്ഥാപിക്കുക എന്നുള്ളത്. നാനാജാതി മതസ്ഥരും വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്ന നിർദ്ധനരും പാവപ്പെട്ടവരുമായ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശം. പ്രത്യേകിച്ച് കൈത്തറി തൊഴിലാളികൾ. ചേന്ദമംഗലം കൈത്തറി വസ്ത്രങ്ങളുടെ മേന്മയും പ്രശസ്തിയും ഇന്ത്യ ഒട്ടുക്ക് വ്യാപിച്ചു കിടക്കുന്നു. പട്ടിണിപ്പാവങ്ങളായ ഈ തൊഴിലാളികളുടെ മക്കൾക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കുന്നതിനു വേണ്ടി സ്ഥാപിതമായ വിദ്യാലയമാണ് ഡി.ഡി. സഭസ്കൂൾ. അക്കാലത്തെ സാമൂഹിക പ്രവർത്തകരായ കേളപ്പനാശാന്റേയും ശങ്കരൻ തണ്ടാന്റേയും നേതൃത്വത്തിൽ കരിമ്പാടം പ്രദേശത്ത് ആശാൻ കളരി ആരംഭിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ഇതൊരു ലോവർ പ്രൈമറിയായി പ്രവർത്തന സജ്ജമായി. 1912-ൽ കേരളത്തനിമയുടെ പ്രതീകമായ നാലുകെട്ടും നടുമുറ്റവുമായി പൊൻപ്രകാശം പരത്തിക്കൊണ്ട് ഒരു പുതിയ കെട്ടിടം ഉയർന്നതോടെ വിദ്യാലയത്തിന്റെ മുഖച്ഛായ തന്നെ മാറി. നാടിന്റെ സ്വപ്നസാക്ഷാത്ക്കാരമായ ഈ നാലുകെട്ടിൽ അന്ന് ഒൻപത് വിദ്യാർത്ഥികളാണ് ഹരിശ്രീ കുറിച്ചത്. അറിവിന്റെ ശ്രീകോവിലിലേയ്ക്ക് വെളിച്ചം പകരാനായി പ്രശസ്തരും, പ്രസിദ്ധരുമായ ഗുരുശ്രേഷ്ഠന്മാർ വന്നെത്തി. വിദ്യയോടൊപ്പം കുഞ്ഞുങ്ങൾക്ക് സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞുകൊണ്ട് ഈ വിദ്യാലയം വളർന്നു.
കരിമ്പാടത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആഗ്രഹത്തിന്റെ ഫലമായി ഈ വിദ്യാലയം 1962-ലാണ് യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു കിട്ടിയത്. അന്നത്തെ സ്കൂൾ മാനേജർ കുന്നുകാട്ടിൽ കെ.കെ. കുമാരൻ അവർകളായിരുന്നു. യു.പി. സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ അദ്ദേഹം വഹിച്ചിട്ടുള്ള പങ്ക് ശ്ലാഘനീയമാണ്. യു.പി. സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് അന്നത്തെ കേരള ഡെപ്യൂട്ടി മുഖ്യമന്ത്രി ആർ. ശങ്കർ അവർകളായിരുന്നു.1962-ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു. അന്നത്തെ കേരള ഡെപ്യൂട്ടി ചീഫ് മിനിസ്ടറായിരുന്ന ശ്രീ. ആർ ശങ്കറാണ് ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത്.
1982 ജൂണിൽ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീബേബിജോൺ ആണ് യു.പി. സ്കൂൾ ഹൈസ്കളായി ഉയർത്തുന്നതിന് അനുവാദം നൽകിയത്. സഭയുടെ പ്രസിഡന്റ് കുന്നുകാട്ടിൽ കെ.കെ. സതീശനും സ്കൂൾ മാനേജർ കരിപ്പായി കെ.എ. ഗോപാലകഷ്ണൻ മാസ്റ്ററും ട്രെഷറർ കളത്തുങ്കൽ കെ.കെ. സതീശനും ഉൾപ്പെടുന്ന ഡി.ഡി. സഭ ഭരണസമിതിയുടെ ഉത്സാഹപൂർണ്ണമായ പ്രവർത്തനമാണ് ഹൈസ്ക്കൂൾ ആകുന്നതിന് സഹായകരമായത്.
1996-97 വർഷം സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങുകയും ഇന്ന് ഏറ്റവും മികച്ച നിലവാരത്തിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി തുടരുകയും ചെയ്യുന്നു. ഇംഗ്ലീഷ് മലയാളം മീഡിയനുകളിലായി ഏകദേശം 1500 കുട്ടികൾ ഇവിടെ പഠിക്കുന്നു.