ഡി.ഡി. സഭ : ചരിത്രം
മതസൗഹാർദ്ദത്തിന്റെ മാതൃകാ സ്ഥാനം
“സാമൂഹികമായ അനാചാരങ്ങൾക്കെതിരെ അടരാടി വിജയക്കൊടി പാറിക്കാൻ ജീവത്യാഗംചെയ്ത ദേശാഭിമാനികളുടെ പോരാട്ട ഭൂമി. സാമൂഹിക-സാംസ്കാരിക-ഭരണ രാഷ്ട്രീയ-ശാസ്ത്ര കൈത്തറി രംഗങ്ങളിൽ നിരവധി പ്രതിഭാശാലികൾക്ക് ജന്മം നൽകിയ ദേശം. കലാകാരൻമാരായ തൊഴിലാളികളുടെ കരവിരുതിൽ കമനീയമാകുന്ന കൈത്തറി വസ്ത്രങ്ങൾ പ്രശസ്തിയുടെ ഗിരി ശൃംഗത്തിൽ എത്തിച്ച കൈത്തറിയുടെ നാട് ചേന്ദമംഗലം”. ചേന്ദമംഗലം കൈത്തറി ലോക ഭൂപടത്തിൽ ഇടംതേടി. പക്ഷെ കൈത്തറി നെയ്ത്ത് തൊഴിലായി സ്വീകരിച്ചവരുടെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ എവിടെയെങ്കിലും എത്തിയോ എന്ന സംശയംബാക്കി. അങ്ങിനെ ചരിത്രവും കഥയും ഇപിരിഞ്ഞു കിടക്കുന്ന ഗ്രാമം ചേന്ദമംഗലം.
സാംസ്കാരിക നഗരമായ പറവൂരിന്റെ വടക്ക് ചേന്ദമംഗലം പാലം മുതൽ ചാത്തൻതറ വരെയുള്ള വളരെ ചെറിയ ഒരു പ്രദേശം കരിമ്പ് വിളഞ്ഞിരുന്ന കറുത്ത മണ്ണുള്ള കരിമ്പാടം. സാമ്പത്തികശേഷി കുറവരെങ്കിലും, കർമ്മശേഷിയുള്ളവരുടെ ഒരു
കൊച്ചു പ്രദേശം. എടുത്തു പറയാവുന്ന,ചൂണ്ടിക്കാണിക്കാവുന്ന പ്രത്യേകതകൾ യാതൊന്നും ഇല്ലാത്ത ദരിദ്രരുടെ തറവാട്. അതായിരുന്നു കരിമ്പാടം. വരദായിനിയായ പെരിയാർ രൗദ്രഭാവം സ്വീകരിക്കുന്ന വർഷക്കാലം. പ്രദേശമാകെ മലവെള്ളം കയറി സർവ്വപാപങ്ങളും കഴുകി ഒഴുക്കി വൃക്ഷലതാദികൾക്ക് വളമേകുന്ന ചെളി ചൊരിഞ്ഞുപോകുന്ന കാലവർഷത്തിന്റെ വികൃതി. ഇത്തരത്തിലൊരു വികൃതി ചൊരിഞ്ഞുവിട്ട മലവെള്ളം ഇറങ്ങുമ്പോൾ കണ്ണംപറമ്പ് തറവാട്ടുകാരുടെ വക മണ്ണിൽ ഒഴുകിയെത്തിയതോ, ഉയർന്നുവന്നതോ ആയ ഒരു ചെറുവിഗ്രഹം! തേജസ്വരൂപിണിയായ ഒരു ദേവി വിഗ്രഹം. ഒരു മലവെള്ളപാച്ചിലിന്റെ അനുഗൃഹീത സമ്മാനം. ഈ വിഗ്രഹം കണ്ടെത്തിയവരുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മണ്ണിന്റെ ഒരു “തറ'. തറയിൽ ഒരുപീഠം. ചുറ്റും മതിലായി പനമ്പുമറയും ഉണ്ടാക്കിവിഗ്രഹം പ്രതിഷ്ഠിച്ചു. ഒരു സൗഭാഗ്യനിധി തങ്ങളുടെ ദുരിതങ്ങൾക്ക് അറുതി വരുത്താവുന്ന അനുഗ്രഹവർഷിയായെത്തിയപ്പോൾ ഇവിടേയ്ക്ക് ഭക്തരുടെ പ്രവാഹമായി. ഇതുതന്നെയാണ് ഈ പ്രദേശത്തിന്റെ ഐശ്വര്യ പ്രഭവ സ്ഥാനവും. സാമൂഹ്യ അനാചാരങ്ങൾ വിതച്ച വിപത്തുകളെ നേരിടാൻ കർമ്മശേഷിയില്ലാത്ത മനുഷ്യർവിധിയെ പഴിച്ച് എല്ലാം സഹിച്ച് പിന്നോക്ക വിഭാഗക്കാർ. ഒരു ജന്മാവകാശം പോലെ സവർണ്ണമേധാവിത്വത്തിന്റെ തേരു തെളിച്ച് മുന്നോക്ക വിഭാഗശ്രേഷ്ഠർ. അവരുടെ മനുഷ്യത്വരഹിതമായ കനകളും, ശാസനകളും അവഗണനയും പേറി വാപൊത്തിനിന്ന അനേകായിരങ്ങൾ.ചാതുർവർണ്ണ്യത്തിന്റെ വാളേന്തി സർവ്വസംഹാരമൂർത്തികളായ നാട്ടുരാജാക്കന്മാരും, ശിങ്കിടികളും ജാതി വ്യവസ്ഥയുടെ പേരിൽ നടത്തുന്നപേക്കൂത്തുകളുടെ കാലത്ത് മനുഷ്യനെ മനുഷ്യനായികാണാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുവാനുള്ള ഒരു ധർമ്മകുലദൈവം ചെമ്പഴന്തിയിൽ പിറന്നു. ഒരുദൈവ ഹിതംപോലെ സാക്ഷാൽ ശ്രീനാരായണഗുരു അറിവിന്റേയും ദീർഘവീക്ഷണങ്ങളുടേയും മൂർത്തിഭാവമായ ഗുരു വളർന്ന് മാനവരുടെ ഗുരുവായി മാറി. സാമൂഹ്യ അനാചാരങ്ങൾക്കെതിരെ ഉദ്ബോധനത്തിന്റെയും ഉപദേശത്തിന്റെയും സന്ദേശപ്രചരണത്തിനായി ഗുരു നടത്തിയ പദയാത്രകളിൽ കരിമ്പാടവും പെടും. ചിന്താധീനനായി വിശാലമായ മണൽപരപ്പിൽ വിശ്രമിക്കുന്ന ഗുരുവിനെ കാണാൻ ധാരാളം പേരെത്തിയിരുന്നു. ഗുരുദേവന്റെ വിശ്രമകേന്ദ്രം അയ്യപ്പന്റെ കടത്തിന്റെ തൊട്ടടുത്ത കൊളവേലി തറവാട്ടിലായിരുന്നു. ഗുരുവിനെ കേട്ടറിഞ്ഞവരും കണ്ടറിഞ്ഞവരും അത്ഭുതത്തോടെ ഗുരുവിനു ചുറ്റും കൂടുവാൻ തുടങ്ങി. ഇവരിൽ പ്രായമായവരും ചെറുപ്പക്കാരും ഉണ്ടായിരുന്നു. ഗുരുദേവന്റെനാവിൻ തുമ്പിൽ നിന്നുതിർന്ന മഹത് വചനങ്ങൾ ദൈവവിളിയായി കേൾക്കാൻ നമ്മുടെ പൂർവ്വികർതയ്യാറായി. തന്റെ ചുറ്റും പതിവായി കൂടുന്നവരോടായി ഗുരു പറഞ്ഞു “വിദ്യകൊണ്ട് പ്രബുദ്ധരാവാൻകഴിയൂ” അതിന് ക്ഷേത്രങ്ങളോടൊപ്പം വിദ്യാലയങ്ങളും ഉണ്ടാകണം. നമ്മുടെ ഇഷ്ടദൈവങ്ങളെ പൂജിക്കുവാനും, ആരാധിക്കുവാനും വിലക്കില്ലാത്ത സ്വന്തമായ നമ്മുടേതായ ആരാധനാലയങ്ങളോടൊപ്പം അക്ഷരനിധികളായി വിദ്യാഭ്യാസ സ്ഥാപനങ്ങളുംഉയരണം. ഈ ഉപദേശങ്ങൾ ഒരു വെളിപ്പാടുപോലെ സ്വീകരിച്ചവർ ഒരു കൂട്ടായ്മ ഉണ്ടാക്കുവാൻ ശ്രമിച്ചതിന്റെ ഫലമാണ് നാം ഇന്നു കാണുന്ന ഡി.ഡി. സഭ.
“ധർമ്മാർത്ഥദായിനിസഭ”
എന്ന നാമകരണം ഗുരുവിന്റേതായിരുന്നു.